തരളിത ഹൃദയം..

ഇത് നാസ്സർ മൂസ്സയുടെ  കോവിഡ് 19 കാലത്തെ ഓർമ്മകൾ...
തരളിത ഹൃദയതാളം

നിങ്ങൾ എന്റെ അന്തം കമ്മിയെ കൊന്നു. 

നീണ്ട ക്യൂ ഒടുവിലത് മുറൂറിന്റെ (ട്രാഫിക് ഉദ്യോഗസ്ഥൻ) അടുത്തെത്തി. ഡേറ്റ് കിട്ടാനുള്ള പേപ്പറും പണവും മുന്നിൽ നില്ക്കുന്ന മൂന്ന് പേരുടെ കൈയ്യിലും ഉണ്ട്. അത് കണ്ട് ഞാനും പേപ്പർ ഷർട്ടിന്റെ പോക്കറ്റിൽ നിന്നെടുത്തു. പിന്നീട് ജീൻസിന്റെ പോക്കറ്റിൽ നിന്ന് പേഴ്സ് എടുക്കാൻ കൈയ്യിട്ടു. ഞെട്ടി പോയ് !
പേഴ്സ് എടുക്കാൻ മറന്നു. തലേ ദിവസം ഇട്ട പാന്റ്‌സിന്റെ പോക്കറ്റിൽ അത് സുഖമായിട്ട് ഉറങ്ങുന്നുണ്ടാവും. കഷ്ട കാലത്തിന് ഷർട്ടിന്റെ പോക്കറ്റിൽ കുറച്ചു പണം ഉണ്ടായിരുന്നു. അതുള്ളതുകൊണ്ടാണ് ട്രാഫിക് പോലീസ് ഓഫീസ് വരെയെത്തിയത്. പണം ഇല്ലായിരുന്നെങ്കിൽ അതെ ടാക്സിൽ തിരിച്ചു പോകാമായിരുന്നു. 
ചിന്തിക്കാൻ ഇനി സമയം ഇല്ല. അടുത്ത് നില്ക്കുന്ന, കണ്ടുപരിചയം തോന്നിയവരോടൊക്കെ ചോദിച്ചു. സിറ്റിയിൽ കട നടത്തുന്നവർ. "അത്യാവശ്യം എനിക്ക് കുറച്ചു പണം തരൂ. പേഴ്സ് എടുക്കാൻ മറന്നു ഞാൻ വൈകിട്ട് കടയിൽ എത്തിച്ചു കൊള്ളാം". തരുമെന്ന് നല്ല വിശ്വാസം ഉള്ളവർ, അവർ മുഖം തിരിച്ചു നിന്നു. ആകെ വിഷമമായി. ജീവിതത്തിൽ അന്യരോട് പണം സഹായം അഭ്യർത്ഥിക്കുന്നത് ആദ്യം. തല താഴ്ന്നു പോകുന്നുവോ എന്നൊരു തോന്നൽ. "ഹലോ.. ഹലോ.. ഇതാ പൈസ, ചീട്ട് എടുത്തു കൊള്ളൂ". കസേരയിൽ ഇരിക്കുന്നവരിൽ സുമുഖനായ ഒരാൾ കൈകാട്ടി വിളിക്കുന്നു. കണ്ണട ധരിച്ചിരിക്കുന്നു. കട്ടി മീശ. തൂവെള്ള ഷർട്ട്‌. എവിടെയോ കേട്ട് മറന്ന സ്വരം. താങ്കൾ ആരാണ് ? എന്നെ അറിയുമോ? എനിക്ക് പണം വിളിച്ചു തന്ന് സഹായിക്കാൻ..? 
ആദ്യം നിങ്ങൾ ചീട്ട് വാങ്ങി വരൂ. 
മുറൂർ പോലീസുകാരൻ എന്തെല്ലാമോ എന്നോട് ചോദിച്ചു. ഒന്നും കേട്ടില്ല. തല അറിയാതെ കുലുക്കി മനസ്സ് കസേരയിൽ ഇരിക്കുന്ന മനുഷ്യന്റെ കരങ്ങൾ തേടി പിടിച്ചു നില്ക്കുന്നു. ചീറ്റും വാങ്ങി ഞാൻ അയാളുടെ അടുത്തെത്തി. "എന്നത്തേയ്ക്ക് ഡേറ്റ് കിട്ടി?". ഡ്രൈവിംഗ് ടെസ്റ്റ്‌ നടത്തുന്നതിനുള്ള ഡേറ്റാണ് അദ്ദേഹം ചോദിച്ചത്. "ആ..ഞാൻ നോക്കിയില്ല". അദ്ദേഹം തന്ന കാശിൽ നിന്ന് ടെസ്റ്റിനുള്ള ഫീസ് അടച്ച ബാക്കി തുക ഞാൻ അദ്ദേഹത്തിന് നേരെ നീട്ടി. "കൈയ്യിൽ വെച്ചുകൊള്ളൂ ഇനി തിരിച്ചു പോകാൻ പണം വേണ്ടേ". "അതിന് ഇത് ധാരാളം" എന്ന് പറഞ്ഞു ഞാൻ 20 ദിർഹം പോക്കറ്റിൽ ഇട്ട ശേഷം 50 രൂപാ അദ്ദേഹത്തിന്റെ കൈയ്യിൽ വെച്ചു. "വേണ്ട കൈയ്യിൽ ഇരിക്കട്ടെ" എന്ന നിർബന്ധം വകവെക്കാതെ ഞാനത് അദ്ദേഹത്തിന്റെ കൈയ്യിൽ അമർത്തി വെച്ചു. "പറയൂ, താങ്കൾക്ക് എന്നെ പരിചയം ഉണ്ടോ? എന്റെ നാട്ടുകാർ ആരും തന്നെ റാസ് അൽ ഖൈമയിൽ ഉള്ളതായ് എനിക്കറിവില്ല. നിങ്ങളുടെ നാട് എവിടെയാണ്?" എന്റെ ചോദ്യങ്ങൾക്കിടയിൽ അദ്ദേഹം തിരിച്ചൊരു ചോദ്യം 
"മാളികയിലെ മൂസ്സ ഇക്കയെ അറിയുമോ?" "എന്റെ വാപ്പയാണ് അദ്ദേഹം". "നിങ്ങളെ ഞാൻ കണ്ടിട്ടുണ്ട് ക്ഷമിക്കണം പേരോർമ്മ വരുന്നില്ല". എന്റെ കൈ അതിനിടയിൽ അദ്ദേഹത്തിന്റെ ഇരുകരങ്ങളെയും കവർന്നു. മൂസ്സ എന്ന് കേട്ടപ്പോൾ മലക്കുകൾ എന്റെമേൽ പുഷ്പവൃഷ്ടി നടത്തിയ അനുഭവം. "ഞാൻ നാസ്സർ.. മാളികയിലെ.. നിങ്ങൾ ആരെന്ന് പറയൂ".. "ഞാൻ നല്ലൊരു സുഹൃത്ത് എന്ന് കരുതിക്കോ. ഞാൻ പോകുന്നു എന്നെങ്കിലും എവിടെവെച്ചെങ്കിലും കണ്ട് മുട്ടാം". അയാൾ സലാം ചൊല്ലി പിരിയാൻ തുടങ്ങി. "ഇല്ല. നിങ്ങളുടെ ഫോൺ നമ്പർ എനിക്ക് വേണം. നിങ്ങൾ ആരെന്ന് പറയണം". നിർബന്ധം മുറുകി. 
"ഞാൻ അബ്ദുൽ ഖാദർ, തലയോലപ്പറമ്പിൽ എം ഏ. മുഹമ്മദ്‌ എന്നൊരാൾ ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ...അദ്ദേഹം പറഞ്ഞു തുടങ്ങി മുഴുവിക്കുന്നതിന് മുൻപ് ഞാനാദ്ദേഹത്തെ കെട്ടിപിടിച്ചു. എന്റെ വാപ്പയുടെ അടുത്ത സുഹൃത്തിന്റെ മകൻ. എന്റെ രാഷ്ട്രീയ ശത്രു ! 
സ്കൂളിൽ പഠിക്കുന്ന കാലം മുതൽ അബ്ദുൽ ഖാദറിനെ അറിയാം. വലിയ കെ എസ്‌ യൂ ക്കാരൻ. വെള്ള ഖദർ ബ്ലൈഡ് പോലെ തേച്ചു മിനുക്കി പ്രസംഗവും സമരവും ആയി നടക്കുന്ന മെലിഞ്ഞ പയ്യൻ. നേരിൽ മിണ്ടിയിട്ടില്ല. പാമ്പ് കീരിയെ കാണുന്ന പോലെ ഞാൻ കണ്ടിരുന്നയാൾ. കോളേജിലും ഖാദറിനോട് മിണ്ടിയിട്ടില്ല. 

അബ്ദുൽ ഖാദറിനോട് ഇന്നും ഞാൻ കടപ്പെട്ടിരിക്കുന്നു. ആ പണം പിന്നീട് പല രീതിയിൽ അദ്ദേഹത്തിന്റെ കൈയ്യിൽ എത്തിക്കാൻ ഞാൻ നോക്കിയിട്ടുണ്ട്. അയാൾ പതിന്മടങ്ങു പല വഴി അത് എന്നിലെത്തിച്ചു കൊണ്ടിരിക്കുന്നു. ഒരിക്കൽ ആജന്മ ശത്രുവായ് കണ്ടയാൾ എങ്ങനെ എന്നെ സഹായിക്കാൻ അവിടെ ആ മൂറൂറിന്റെ മുറിയിൽ എത്തിയെന്നെനിക്ക് അറിയില്ല. പക്ഷേ അയാൾ അന്ന് തകർത്തെറിഞ്ഞത് എന്നിലെ അന്തം കമ്മിയെയാണ്. ഖാദർ നിങ്ങൾ എന്റെ കമ്മിയെ കൊന്നു !

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

റിമോട്ടു് (REMOTE) Abdul Khadar Vaikom

25 പൈസയും പുതിയ അക്കൗണ്ടും